ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
സാമൂഹ്യചരിത്രം
ചെക്കുന്നു മലയോട് ചേര്‍ന്നുകിടക്കുന്ന ഘോരവനങ്ങള്‍ നിറഞ്ഞ മൈലാടി, പന്നിയന്‍മല, കൊടുമ്പുഴ, ചീങ്കണ്ണിപ്പാലി, ഓടക്കയം എന്നിവിടങ്ങളിലേക്ക്, നിലമ്പൂര്‍ കാടുകളില്‍ നിന്നും കുടിയേറി പാര്‍ത്ത ആദിവാസികളുടെ താമസസ്ഥലവും കുടിലും “ഊര്” എന്നാണറിയപ്പെട്ടിരുന്നത്. “ഊര്” പിന്നീട് “ഊര്ങ്ങാട്ടിരി” ആവുകയും “ഊര്ങ്ങാട്ടിരി” ഒടുവില്‍ ഊര്‍ങ്ങാട്ടിരിയാവുകയും ചെയ്തതായി പഴമക്കാര്‍ പറയുന്നു. ഇന്നും ഈ മേഖലയില്‍ ആദിവാസി കോളനികളുണ്ട്. ഈ ആദിവാസികള്‍ക്കിടയില്‍ നാടുവാഴികളും മൂപ്പന്മാരും ഉണ്ടായിരുന്നതായി പറയപ്പെടുന്നു. അവരുടെ പിന്‍തലമുറയില്‍ ഇപ്പോഴും “നാടുവാഴി” എന്ന പേരില്‍ അറിയപ്പെടുന്ന കുടുംബങ്ങളുണ്ട്. ആദ്യകാലങ്ങളില്‍ പൂവ്വത്തിക്കല്‍, മൈത്ര, മൂര്‍ക്കനാട് തെരട്ടമ്മല്‍, വടക്കുംമുറി എന്നിവിടങ്ങളില്‍ മാത്രമേ ജനവാസമുണ്ടായിരുന്നുള്ളൂ. എന്നാല്‍ വെറ്റിലപ്പാറക്കടുത്തുള്ള വിളക്കുപറമ്പ് എന്ന സ്ഥലത്തുനിന്നും കണ്ടെടുത്തിട്ടുള്ള പ്രാചീന ക്ഷേത്രാവശിഷ്ടങ്ങളും, ശിലാലിഖിതങ്ങളും സൂചിപ്പിക്കുന്നത്, ഈ പ്രദേശത്ത് നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ ജനവാസമുണ്ടായിരുന്നുവെന്നാണ്. ഈ പ്രദേശം മുമ്പ് “പന്തലങ്ങാടി” എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് ഇവിടെ അംശകച്ചേരികള്‍ നിലവിലുണ്ടായിരുന്നു. ഊര്‍ങ്ങാട്ടിരി അംശകച്ചേരിയിലെ ആദ്യത്തെ അധികാരിയായിരുന്നു വന്നിലാപറമ്പത്ത് കേശവന്‍നമ്പൂതിരി. അധികാരിയുടെ ഇല്ലം തന്നെയായിരുന്നു കച്ചേരി ഓഫീസ്. 1961-നു ശേഷം അംശകച്ചേരികള്‍ നിര്‍ത്തലാക്കുകയും ഗവ.ഉദ്യോഗസ്ഥന്മാര്‍ ചാര്‍ജ്ജെടുക്കുകയും ചെയ്തു. വിസ്തൃതമായ ഊര്‍ങ്ങാട്ടിരി പഞ്ചായത്തിന്റെ ഭൂരിഭാഗവും മലയോരപ്രദേശങ്ങളാണ്. കോഴിക്കോട്ടു ജില്ലയോടു തൊട്ടുരുമ്മി നില്‍ക്കുന്ന ഈ ഉയര്‍ന്ന പ്രദേശങ്ങള്‍ പണ്ടുകാലത്ത് കാടുപിടിച്ചു കിടന്നിരുന്ന ജനവാസമില്ലാത്ത മേഖലകളായിരുന്നു. പ്രാചീന ക്ഷേത്രാവശിഷ്ടങ്ങളും, പുരാതനശൈലിയില്‍ കൊത്തിയെടുത്ത വെട്ടുകല്ലുകളും, ഓടുകളും, പ്രാചീനലിപികള്‍ കൊത്തിവച്ചിട്ടുള്ള കരിങ്കല്ലുകളും ഈ പ്രദേശത്തു നിന്നും കണ്ടെടുത്തിട്ടുണ്ട്. ടിപ്പുസുല്‍ത്താന്റെ ഒളിസങ്കേതമെന്ന് സംശയിക്കുന്ന ഒരു ഗുഹയും പ്രസ്തുത സ്ഥലത്തുണ്ട്. നൂറ്റാണ്ടുകള്‍ക്കു മുമ്പേ ചാലിയാറിന്റെ തീരപ്രദേശത്ത് താമസമുറപ്പിച്ച അനേകം കുടുംബങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് ഇവിടുത്തെ മലയോര ഭൂമിയിലേറെയും ഏതാണ്ട് “കൊയപ്പത്തൊടി”, “കല്ലുവെട്ടി” തുടങ്ങിയ മധ്യവര്‍ത്തികളുടെ കൈകളിലായിരുന്നു. സാധാരണക്കാരായ കര്‍ഷകര്‍ “വാരം” കൊടുത്തുകൊണ്ടായിരുന്നു ഇവിടെ കൃഷിചെയ്തിരുന്നത്. 1921-ലെ “മലബാര്‍കലാപം” ഈ പ്രദേശത്തെയും കാര്യമായി ബാധിക്കുകയുണ്ടായി. നിരവധി കലാപകാരികളെ ബ്രിട്ടീഷ് പട്ടാളം ജയിലിലടക്കുകയോ, ആന്റമാനിലേക്ക് നാടുകടത്തുകയോ ചെയ്തതായി പറയപ്പെടുന്നു. വെടിയേറ്റുമരിച്ച നിരവധി പോരാളികളും അക്കൂട്ടത്തിലുണ്ട്. 1948-50 കാലയളവില്‍ ഊര്‍ങ്ങാട്ടിരിയുടെ ചില ഭാഗങ്ങളില്‍ മലമ്പനി പടര്‍ന്നു പിടിക്കുകയുണ്ടായി. നിരവധി പേര്‍ക്ക് രോഗം പിടിപ്പെട്ട സന്ദര്‍ഭത്തില്‍, ലോകാരോഗ്യസംഘടനയുടെ പ്രതിനിധിയായി ആസ്ത്രേലിയക്കാരനായ ഡോക്ടര്‍ മാരാ സായിപ്പും, ഭാര്യയും ഊര്‍ങ്ങാട്ടിരിയില്‍ വരികയും രോഗപ്രതിരോധ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. വിദ്യാഭ്യാസരംഗത്ത് ഈ ഗ്രാമത്തിലെ ആദ്യസംരംഭമായിരുന്നു 1921-ല്‍ ആരംഭിക്കുകയും, 1924-ല്‍ മലബാര്‍ ബോര്‍ഡിന്റെ അംഗീകാരം ലഭിക്കുകയും ചെയ്ത മൈത്രയിലെ എം.ബി.എല്‍.പി.സ്കൂള്‍. 1956-നു ശേഷം തിരുവിതാംകൂറില്‍ നിന്നും ക്രിസ്ത്യന്‍സമൂഹം മലബാറിലേക്ക് കുടിയേറി പാര്‍ക്കുകയുണ്ടായി. അവര്‍ ആദ്യം തിരുവമ്പാടിയിലേക്കും പിന്നീട് ഊര്‍ങ്ങാട്ടിരിയുടെ വനപ്രദേശങ്ങളിലേക്കും കുടിയേറി. 1956 ഏപ്രിലില്‍, ആദ്യമായി വന്ന കുടിയേറ്റക്കാരനായിരുന്നു പുല്ലന്താണി പാപ്പച്ചന്‍. ഈ മേഖലയിലെ വികസനരംഗത്തെ നാഴികക്കല്ലായിരുന്നു 1964-ല്‍ ചുണ്ടത്തുംപൊയില്‍ സ്ഥാപിമായ സ്കൂള്‍. 1986-ലെ വെളിച്ച വിപ്ളവവും വികസനരംഗത്ത് എടുത്തു പറയാവുന്ന മറ്റൊരു നേട്ടമാണ്.
സാസ്കാരികചരിത്രം
വിസ്തൃതമായ ഊര്‍ങ്ങാട്ടിരി പഞ്ചായത്തിന്റെ ഭൂരിഭാഗവും മലയോരപ്രദേശങ്ങളാണ്. കോഴിക്കോട്ടു ജില്ലയോടു തൊട്ടുരുമ്മി നില്‍ക്കുന്ന ഈ ഉയര്‍ന്ന പ്രദേശങ്ങള്‍ പണ്ടുകാലത്ത് കാടുപിടിച്ചു കിടന്നിരുന്ന ജനവാസമില്ലാത്ത മേഖലകളായിരുന്നു. പ്രാചീന ക്ഷേത്രാവശിഷ്ടങ്ങളും, പുരാതനശൈലിയില്‍ കൊത്തിയെടുത്ത വെട്ടുകല്ലുകളും, ഓടുകളും, പ്രാചീനലിപികള്‍ കൊത്തിവച്ചിട്ടുള്ള കരിങ്കല്ലുകളും ഈ പ്രദേശത്തു നിന്നും കണ്ടെടുത്തിട്ടുണ്ട്. ടിപ്പുസുല്‍ത്താന്റെ ഒളിസങ്കേതമെന്ന് സംശയിക്കുന്ന ഒരു ഗുഹയും പ്രസ്തുത സ്ഥലത്തുണ്ട്. നൂറ്റാണ്ടുകള്‍ക്കു മുമ്പേ ചാലിയാറിന്റെ തീരപ്രദേശത്ത് താമസമുറപ്പിച്ച അനേകം കുടുംബങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. സ്വാതന്ത്ര്യലബ്ധിക്കു മുമ്പുതന്നെ ഈ പ്രദേശങ്ങളില്‍ വിദ്യാഭ്യാസ, സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. 1921-ല്‍ മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡിന്റെ കീഴില്‍ മൈത്രയില്‍ ആരംഭിച്ച ലോവര്‍ പ്രൈമറിസ്കൂളാണ് ഇന്ന് ഈ ഗ്രാമം എത്തിനില്‍ക്കുന്ന സാംസ്കാരിക പൈതൃകത്തിന്റെ ആണിക്കല്ലായി പരിണമിച്ചത്. പൂവ്വത്തിക്കല്‍ പ്രദേശത്ത് വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുകയും, 1932-ല്‍ തന്റെ അശ്രാന്തപരിശ്രമം കൊണ്ട് അവിടെ ഒരു എയിഡഡ് സ്കൂള്‍ സ്ഥാപിക്കുകയും ചെയ്ത മഹത് വ്യക്തിയായിരുന്നു നാരായണന്‍ എഴുത്തച്ഛന്‍. 1921-ല്‍ ഐക്യനാണയ സംഘം എന്ന പേരില്‍ തെരട്ടമ്മല്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ച സംഘടനയും ഊര്‍ങ്ങാട്ടിരിയുടെ സാമൂഹ്യസാംസ്കാരിക മേഖലകളിലെ മുന്നേറ്റത്തില്‍ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. നാഷണല്‍ സ്പോര്‍ട്സ് ക്ളബ്ബിന്റെ കീഴില്‍ തെരട്ടമ്മലില്‍ 1952-ല്‍ രൂപീകൃതമായ സാംസ്കാരിക സംഘടനയും വായനാശാലയുമാണ് പഞ്ചായത്തില്‍ ആദ്യമായി രൂപംകൊണ്ട സാംസ്കാരികകേന്ദ്രം. 1979-ല്‍ സ്ഥാപിതമായ മൂര്‍ക്കനാട് ഗ്രന്ഥാലയമാണ്, കേരള ഗ്രന്ഥശാലാസംഘത്തിന്റെ അംഗീകാരം ലഭിച്ച, പഞ്ചായത്തിലെ ആദ്യവായനശാല. ഓടകയം, വെറ്റിലപ്പാറ, ചീങ്കണ്ണിപ്പാലി പ്രദേശങ്ങളില്‍ താമസിക്കുന്ന ആദിവാസി കുടുംബങ്ങളില്‍ സാംസ്കാരിക, സന്നദ്ധ പ്രവര്‍ത്തനങ്ങളിലൂടെ സാംസ്കാരിക ബോധമുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. ആദിവാസികളുടെ ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന പ്രധാന സംഘടനയാണ്, 1970-ല്‍ രൂപം കൊണ്ട നെഹ്റു ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ളബ്ബ് ഓടക്കയം. ആദിവാസികളുടെ പരമ്പരാഗതകലയായ ചവിട്ടുകളി, കോല്‍ക്കളി എന്നിവയില്‍ പ്രാഗത്ഭ്യമുണ്ടായിരുന്ന ധാരാളമാളുകള്‍ ഇവിടെയുണ്ട്. പഞ്ചായത്തില്‍ ഒരു സാംസ്കാരിക നിലയവും ഒരു ജനശിക്ഷണനിലയവും പ്രവര്‍ത്തിക്കുന്നുണ്ട്. പള്ളികളും, അമ്പലങ്ങളും, ചര്‍ച്ചുകളും ഊര്‍ങ്ങാട്ടീരി ഗ്രാമത്തിലുണ്ട്. ശിവരാത്രി ഉത്സവവും, ഓണവും, പെരുന്നാളും, ക്രിസ്തുമസ്സുമെല്ലാം ഗ്രാമീണരൊന്നടങ്കം ആഘോഷിക്കുന്ന ഉത്സവങ്ങളാണ്. ദേശീയ ഫുട്ബോള്‍ രംഗത്ത് തിളങ്ങി നിന്ന യു.ഷറഫലി ഈ ഗ്രാമത്തിന്റെ സന്തതിയാണ്. ഫുട്ബോള്‍ കളിക്കാരുടെ കളി തൊട്ടിലാണ് തെരട്ടമ്മല്‍, അതിന് നിര്‍ണായക പങ്ക് വഹിച്ച ക്ലബ്ബാണ് നാഷണല്‍ സ്പോര്‍ട്സ് ക്ലബ്ബ് തെരട്ടമ്മല്‍.