2026-27 ബജറ്റ് റിപ്പോർട്ട്
വാർഷിക ബജറ്റ് 2026 - 27
(അവതരണം: ശ്രീമതി. റ്റെസി സണ്ണി ,വൈസ് പ്രസിഡണ്ട് ഗ്രാമപഞ്ചായത്ത്)
ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്തിന്റെ ആദരണീയയായ പ്രസിഡന്റ്, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, പ്രിയപ്പെട്ട മറ്റ് ജനപ്രതിനിധികൾ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി, ഘടക സ്ഥാപനമേധാവികൾ, ജീവനക്കാർ, ബജറ്റ് യോഗത്തിൽ സംബന്ധിക്കുന്ന മറ്റു വിശിഷ്ട വ്യക്തികളെ,
2026-2027 വർഷത്തെ ബജറ്റ് അവതരണ യോഗത്തിലേക്ക് എല്ലാവരെയും ആദരപൂർവ്വം ക്ഷണിക്കുന്നു. ഈ ഭരണസമിതിയുടെ ആദ്യത്തെ ബജറ്റ് യോഗമാണിത്. ജനങ്ങളോട് ഏറ്റവും അടുത്തുനിൽക്കുന്ന ഭരണകൂട സ്ഥാപനം എന്ന നിലയിൽ ജനങ്ങളുടെ വികസന ആവശ്യങ്ങളും സാമൂഹ്യ സുരക്ഷയും ഉറപ്പുവരുത്തുന്നതിനുള്ള അസുലഭ ഭാഗ്യമാണ് തദ്ദേശസ്ഥാപന ജനപ്രതിനിധികൾക്ക് വന്നുചേർന്നിട്ടുള്ളത്. അത് ഫലപ്രദമായും കുറ്റമറ്റതായും നിറവേറ്റുകയെന്ന ഉത്തരവാദിത്വബോധമാണ് ഈ ബജറ്റ് തയ്യാറാക്കുന്നതിന് ഉത്തേജനമായിട്ടുള്ളത്. ബജറ്റ് അതിപ്രധാനമായ ഒരു നയരൂപീകരണ രേഖയാണെന്ന കാര്യം ബജറ്റ് അവതരണത്തിന് രാജ്യം മുഴുവൻ നൽകുന്ന പ്രാധാന്യത്തിൽ നിന്നും വ്യക്തമാണ്. ഒരു സാമ്പത്തിക വർഷത്തെ പ്രതീക്ഷിത വരവുകളുടെയും ചെലവുകളുടെയും കണക്കുകൾ വ്യക്തമാക്കുന്ന ബജറ്റ് തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്റെ ഭൗതിക പുരോഗതിയുടെയും ജനജീവിതത്തിന്റെ പൊതു നിലവാരത്തിന്റെയും സൂചികയാണ് ആയതിനാൽ തന്നെ ബജറ്റ് രൂപീകരണം അത്രമാത്രം ബുദ്ധിപൂർവ്വമായി ആസൂത്രണം നടപ്പാക്കേണ്ട ഒന്നാണ്. ധനം ആർജിക്കുക എന്നതിനേക്കാൾ ഉത്തരവാദിത്വ ബോധത്തോടെ ചെയ്യേണ്ട ഒന്നാണ് അതിന്റെ ബുദ്ധിപൂർവ്വവും നീതിയുക്തവുമായ വിനിയോഗം. ഒരു സ്ഥാപനത്തെ സംബന്ധിച്ചിടത്തോളം ശ്രദ്ധാപൂര്‍വ്വമായ ധനവിനിയോഗം എന്നത് അതിന്റെ ആരോഗ്യകരമായ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്. ലഭ്യമായ വിഭവങ്ങളെ സംതുലിതമായ രീതിയിൽ ഗ്രാമപഞ്ചായത്തിന്റെ വിവിധ മേഖലകളിൽ ആവശ്യങ്ങളറിഞ്ഞു വിനിയോഗിക്കുക എന്ന ശ്രമകരമായ ദൗത്യം ഈ ബജറ്റ് വളരെ സൂക്ഷ്മതയോടെ വിനിയോഗിച്ചിട്ടുണ്ട്. ബജറ്റ് വിശദാംശങ്ങളിലേക്ക് ഞാൻ കടക്കുകയാണ്
ഗ്രാമപഞ്ചായത്തിന് ലഭിക്കേണ്ട എല്ലായിനം നികുതികളും ഫീസുകളും നികുതിയിതര വരുമാനങ്ങളും 100% പിരിച്ചെടുക്കുന്നതിനുള്ള ചിട്ടയായ പ്രവർത്തനം വർഷാരംഭം മുതൽ തന്നെ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നുണ്ട്. നികുതികള്‍ തുടങ്ങിയ വരുമാനങ്ങൾ 100% പിരിച്ചെടുക്കുക വഴി ലഭ്യമായ അധിക വരുമാനം പദ്ധതി വിനിയോഗത്തില്‍ തനത് ഫണ്ട് ഗണ്യമായി വകയിരുത്തുന്നതിന് സാധിച്ചിട്ടുണ്ട്. സർക്കാർ ഗ്രാൻഡുകളെ മാത്രം ആശ്രയിച്ചുകൊണ്ട് മേഖലയിലെ വികസന സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കാൻ സാധിക്കില്ലെന്ന തിരിച്ചറിവാണ് അധിക വരുമാന മാർഗ്ഗങ്ങൾ കണ്ടെത്തുന്നതിന് കാരണമായിട്ടുള്ളത്. വിവിധ ലൈസൻസ് ഫീസുകള്‍, പുതുക്കി നിർമ്മിച്ച കെട്ടിടങ്ങളുടെ അധികനികുതി സമാഹരണം, പെര്‍മിറ്റ് ഫീസിലെ വര്‍ദ്ധനവ് എന്നിവ തനത് വരുമാനത്തില്‍ കാര്യമായവര്ദ്ധനവ് ഉണ്ടാക്കുന്നുണ്ട്.
ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും വികസനവും സാമൂഹ്യ നീതിയും ഒരു പോലെ ഉറപ്പാക്കുന്നതിനുമാണ് ഈ ബജറ്റ് ലക്ഷ്യമിടുന്നത്. ഈ സാമ്പത്തിക് വര്‍ഷത്തില്‍ പഞ്ചായത്തിന്റെ ആകെ വരുമാനം 56,70,61,827 (അമ്പത്തിയാറു കോടി എഴുപത് ലക്ഷത്തി അറുപത്തിയൊന്നായിരത്തി എണ്ണൂറ്റി ഇരുപത്തിയേഴ്) രൂപയും ആകെ ചെലവ് 54,79,09,694 ( അമ്പത്തിനാലു കോടി എഴുപത്തി ഒമ്പത് ലക്ഷത്തി ഒമ്പതി നായിരത്തി അറുനൂറ്റി തൊണ്ണൂറ്റി നാല്) രൂപയും പ്രതീക്ഷിക്കുന്നത്. ഈ തുകകള്‍ എണ്ണം മാത്രമല്ല ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനുള്ള പ്രതിബന്ധതയുടെ പ്രതിഫലനമാണ്.
ബജറ്റ് 2026-27 വകയിരുത്തലുകള്‍
ഈ 2026-27 വാര്‍ഷിക ബജറ്റിലും ഓരോ മേഖലയിലും നീക്കി വെച്ചിരിക്കുന്ന തുക
ഉല്പാദന മേഖല : 1,99,86,500
സേവന മേഖല : 11,05,19,100
പശ്ചാത്തല മേഖല : 4,07,51,800
കൃഷി 65,64,000
മൃഗസംരക്ഷണം 51,77,000
കുടിവെള്ളം 30,88,200
വിദ്യാഭ്യാസം 78,74,000
പൊതുമരാമത്ത് 3,94,51,800
വിദ്യുച്ചക്തിയും ഊര്‍ജ്ജവും 35,13,600
പാര്‍പ്പിടം 4,67,25,000
ക്ഷീര വികസനം 41,00,000
ആരോഗ്യം, ശുചിത്വം 97,50,000
സാമൂഹ്യ ക്ഷേമം 2,40,21,000
പട്ടികജാതി വികസനം 96,63000
റോഡ് 3,43,45,000
റോഡിതരം 1,26,43,000
തൊഴിലുറപ്പ് പദ്ധതി (പൊതുമരാമത്ത് + പ്രകൃതി സംരക്ഷണം) 5,99,01,666
ഇത്തരത്തിൽ സർവ്വ മേഖലയിലും സ്പർശിച്ചു കൊണ്ടും ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പ്രത്യേക ശ്രദ്ധ ചെലുത്തിക്കൊണ്ടും ഗ്രാമപഞ്ചായത്തിന്റെ സമസ്ത മേഖലയിലും സാർവത്രികവും സന്തുലിതവുമായ വികസന പ്രവർത്തനങ്ങൾ ലക്ഷ്യം വെച്ചുകൊണ്ടും വിഭാവനം ചെയ്ത ബജറ്റ് വിശദാംശങ്ങൾ നിങ്ങൾക്ക് മുമ്പാകെ അവതരിപ്പിക്കുന്നു.